മീര പാടുന്നു
കാവ്യരാഗം
Meera Paadunnu (Kavyaragam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസുരേഷ് രാമകൃഷ്ണ
ഗാനരചനകെ സച്ചിദാനന്ദൻ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 07:45:13.

തിരിച്ചെടുക്കുക രാജൻ വിലകെട്ട പൊന്നും രാവിൻ
ഇരുളും ചേർത്തങ്ങെനിക്കായ് പണിത നീഡം (2)
തിരിച്ചു തന്നാലുമങ്ങ് മുറിച്ചൊരെൻ ചിറകുകൾ
പറക്കട്ടെ ഇവൾ സ്വച്ഛം ഉദയവാനിൽ
എടുക്കുക ഊരി എന്റെ മോതിരവിരലിലങ്ങ്
കുടുക്കിയൊരഹന്ത തൻ കഠിന വജ്രം
തിരിച്ചു തന്നാലുമങ്ങ് കനക ഖഡ്ഗത്താൽ
വെട്ടി മുറിച്ചൊരെൻ തംബുരുവിൻ പതിത ഗീതം
എനിക്കു പൊള്ളുന്നു അങ്ങെൻ മെലിഞ്ഞ കൈകളിലിട്ട
തിളയ്ക്കുന്ന വൈഡൂര്യത്തിൻ വളകളേൽക്കേ
കുരുങ്ങുന്നു കൊലക്കയർ കണക്കു നീയണിയിച്ച
പവിഴമാലകളെന്റെ ഇളം കഴുത്തിൽ
കുടുങ്ങി നിൻ പുഷ്യരാഗം പതിച്ച പൊൻതളകളിൽ
മറന്നുപോയെൻ പദങ്ങൾ പഠിച്ച നൃത്തം
തരികെന്റെ ചിലങ്കകൾ മുഖപടം മാറ്റി ഞാനാ
തെരുവിലേക്കിറങ്ങട്ടേ വെയിലിനൊപ്പം
കഴലുകൾ കഴപ്പോളമിളകിയാടട്ടെ
നീലമയിലു പോൽ മഴവില്ലിൻ ലഹരി മോന്തി
നീലമയിലു പോൽ മഴവില്ലിൻ ലഹരി മോന്തി

അഴിക്കട്ടെ കസവിനാൽ കനം തൂങ്ങുമുടുപ്പുകള്‍
അവയ്ക്കുള്ളിൽ ശ്വാസംമുട്ടി പിടയുന്നു ഞാൻ (2)
എനിക്കിന്നു മുതൽ ഗ്രാമ വയൽപച്ച മണക്കുമീ
പരുത്തിതൻ കുളിരേകും ഉടുപ്പു പോരും
അഴിച്ചു വച്ചോട്ടെ ഞാനീ മകുടവും എൻ മുടിക്കെ-
ട്ടഴിഞ്ഞിട്ടീ കൊടുങ്കാറ്റിൻ കൊടിയാവട്ടെ
മഴയിൽ ഞാൻ കുളിക്കട്ടെ തരിക്കട്ടെ വസന്തമെൻ
ഇലയിൽ ചില്ലയിലെന്റെ ഉടലിൻ വേരിൽ

തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൗമാരം
കളിചിരികള്‍ തന്‍ കള കളം നുരഞ്ഞ ബാല്യം (2)
ഇരിക്കട്ടെ കഥ പെയ്യും നിലാവില്‍ ഞാന്‍
മുത്തശ്ശി തന്‍ മടിക്കൂടില്‍ കുഞ്ഞുടുപ്പിട്ടൊരിക്കല്‍ കൂടി
തുറക്കുകീ ജാലകങ്ങള്‍ മരുക്കാറ്റിന്‍ ചിറകേറി പറക്കട്ടെ
ചെമ്പകത്തിന്‍ സുഗന്ധമെങ്ങും
വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍.

വിളിക്കുന്നു ഘനശ്യാമ വിപിനം ഹാ നീലവാനം
വിളിക്കുന്നു സമുദ്രത്തിൻ അനന്ത നീലം
വിളിക്കുന്നു സമുദ്രത്തിൻ അനന്ത നീലം

അറിഞ്ഞു പോയ് രാജൻ നിനക്കറിയാത്തൊരാനന്ദത്തിൻ
പരമമാം രഹസ്യം ഞാൻ ഒരു കിനാവിൽ (2)
ഒരു മയില്‍പ്പീലിയുടെ നിറമല്ലോ സ്വാതന്ത്ര്യത്തിൻ
ഒരു വേണുഗാനത്തിന്റേതതിന്റെ നാദം (2)

പൊടിയിലും വിയർപ്പിലും മുങ്ങിയതു സ്വാതന്ത്ര്യത്തിൻ ഉടൽ
സാധു ഇടയന്റേതതിന്റെ ഗന്ധം
ഇടി വെട്ടി മഴ കോരിച്ചൊരിയുന്ന പാതിരാവിൽ
മരണത്തിൻ നിഴൽക്കീഴിൽ അതിന്റെ ജന്മം
അതു കരയുമ്പോൾ ഞെട്ടിത്തരിക്കുന്നു സിംഹാസനം
അതിനെ ഞെരിക്കാൻ ദൂതരുണർന്നിരിപ്പൂ
ഒരു കൊച്ചു മാറാപ്പിൽ നിന്നതിൻ കുഞ്ഞിവിരൽ കാൺകെ
പ്രളയവുമതിനായി വഴി മാറുന്നു
ഭയമിന്നു വലിച്ചെറിഞ്ഞിരിപ്പൂ ഞാനെന്റെ
വെള്ളി മെതിയടിക്കൊപ്പം വ്രീളാ നാട്യത്തൊടൊപ്പം

മധുരകേസരത്തിൻ പൊൻ തടവറ വിട്ടു ഞാൻ
പെൺചിറകിൽ വെൺ പരാഗമായ് പറന്നിടട്ടെ
ഇതുവരെ ഞാൻ പൊഴിച്ച മിഴിനീരിൻ യമുനയിൽ
കമലദളങ്ങളായ് ഞാൻ വിരിയുവോളം
ഇതുവരെ ഞാൻ കുടിച്ച വിഷമതിൽ അമൃതാകാൻ
ഒരു നീലക്കഴൽ കാത്ത് പുളയുവോളം
നെറുകയിൽ നിന്നും മായ്ച്ചു കളഞ്ഞൊരെൻ സിന്ദൂരത്തിൻ
തുടുപ്പൊരു പുലരിയായ് പരക്കുവോളം
മിഴികളിൽ നിന്നും മായ്ച്ച മഷിയിൽ നിന്നൊരു
ശ്യാമ വിമുക്തി വിഗ്രഹം ഉയിരെടുക്കുവോളം

മിഴികളിൽ നിന്നും മായ്ച്ച മഷിയിൽ നിന്നൊരു
ശ്യാമ വിമുക്തി വിഗ്രഹം ഉയിരെടുക്കുവോളം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts