അവധിക്കാലത്ത് തറവാട്ടിലെത്തുന്ന കണ്ണനും രാധികയുമാണ് ഈ ചിത്രത്തിലെ കൌമാര നായകനും നായികയും. ബാല്യകാലസ്മരണകളിലെ കളിക്കൂട്ടുകാരി മുറപ്പെണ്ണ് സുന്ദരിയായ കൌമാരക്കാരിയായി മാറുന്ന കാഴ്ചയില്‍ കണ്ണനിലുണരുന്ന പ്രണയവും അത് തള്ളണോ കൊള്ളണോ എന്ന ആശങ്കയില്‍ രാധികയ്ക്കുണ്ടാവുന്ന വിഭ്രമങ്ങളും, സംഘര്‍ഷങ്ങളുമാണ് കണ്ണേട്ടന്റെ കഥ. മുത്തച്ഛനും, അപ്പൂപ്പനും, അമ്മൂമ്മയും, അമ്മായിമാരും, കസിന്സുമൊക്കെയായുള്ള ഒരു അവധിക്കാലത്തിന്റെ എല്ലാ മധുരവും ഈ ചിത്രം സമ്മാനിക്കുന്നു. സര്‍പ്പക്കാവുകളും, കളംപാട്ടും, വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, ആചാരങ്ങളുമെല്ലാം ഇഴപിരിച്ച് അതില്‍ സംഗീതത്തിന്റെ കടും നിറക്കൂട്ടു ചേര്‍ത്തതാണ് ഈ ചിത്രം. അവധിക്കാലം തീരുന്നതോടെ പിരിയേണ്ടി വരുന്ന കമിതാക്കളും ബന്ധുക്കളും. രാധിക പോയിക്കഴിയുമ്പോഴാണ് അവള്‍ക്ക് തന്നോട് ഇഷ്ടമുണ്ടായിരുന്നെന്ന് കണ്ണനറിയുന്നത്. രാധിക പോയവഴിയിലേക്ക് നോക്കി നില്ക്കുന്ന കണ്ണന് ഒരു വേര്‍പാടിന്റെ നൊമ്പരവും നല്കുന്നു. അതോടൊപ്പംതന്നെ വിദൂരഭാവിയിലെ ഒരു ഒത്തൊരുമിക്കലിന്റെ പ്രതീക്ഷയും ഈ ചിത്രം നല്‍കും.
പുതുമുഖങ്ങളായ സന്ദീപും സോണിയയുമായിരുന്നു കണ്ണനും രാധികയുമായഭിനയിച്ചത്. ഇവര്‍ പിന്നീട് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നതും കൌതുകകരമാണ്. നെടുമുടി വേണുവിന്റെ മുത്തച്ഛന് വേഷം പിന്നീട് അതേ വേഷഭൂഷാദികളോടെതന്നെ മറ്റു പലസിനിമകളിലും ആവര്‍ത്തിക്കപ്പെട്ടു. ശ്രീവിദ്യ, തിലകന് , സുകുമാരി, ജഗതി, അപ്പാ ഹാജ, ജലജ എന്നിവരും മറ്റൊരുപാട് നടീനടന്മാരും രംഗത്തെത്തുന്ന എന്നെന്നും കണ്ണേട്ടന് വീണ്ടുമൊരിക്കല്‍ക്കൂടി കാണുവാന്‍ തോന്നിപ്പിക്കുന്ന ഒരു ക്ലീന്‍ ചിത്രമാണ്.