ഒരു ദിവസം രാത്രി ജയൻ താമസിച്ചിരുന്ന ടി ബി ക്ക് സമീപത്തു നിന്ന് അതി മനോഹരമായ ഒരു ഗാനം ഒഴുകി വന്നു.ഗാനത്തിന്റെ ഉൽഭവസ്ഥാനം ആരാഞ്ഞിറങ്ങിയ ജയനെ ഭദ്രാസനൻ നായരും വേലായുധൻ പിള്ളയും വിലക്കിയെങ്കിലും അതൊന്നും ഗണ്യമാക്കാതെ ജയൻ യാത്രയായി. ഗായികയെ തിരഞ്ഞു പോയ ജയൻ സംഭ്രമ ജനകമായ ഒരു ചുറ്റുപാടിൽ ശാലീന സുന്ദരിയായ ഒരു മോഹനാംഗിയെ കണ്ടു മുട്ടുന്നു. അവളോടൊന്ന് സംസാരിക്കാനും അവളെപ്പറ്റി കൂടുതലറിയാനും മോഹിച്ച് മുന്നോട്ടു കുതിച്ച ജയനു അടുത്ത ക്ഷണത്തിൽ അവളുടെ സ്ഥാനത്ത് അതി വിരൂപയായ ഒരു സ്ത്രീയെയാണു കാണാൻ സാധിച്ചത്.മോഹഭംഗത്താൽ സപ്തനാഡികളും തളർന്ന ജയൻ മൗനിയായി തല കുനിച്ച് ടി ബിയിലേക്ക് മടങ്ങുന്നു. ജയൻ കണ്ട ആ മനോഹരി യക്ഷിയോ ഭൂതമോ പിശാചോ?....
ജയൻ താമസിച്ചിരുന്ന ടി ബിയുടെ അടുത്തുള്ള എസ്റ്റേറ്റിന്റെ ഉടമയാണു ധനാഢ്യനായ ജി കെ തമ്പി.അദ്ദേഹത്തിനു ബന്ധുക്കളായി സഹോദര പുത്രി ഉഷ മാത്രമേയുള്ളൂ.അവളെ അദ്ദേഹം തന്റെ മകളെപ്പോലെ സ്നേഹിച്ചു വളർത്തുന്നു.പക്ഷേ സുന്ദരിയായ അവൾ ഇടയ്ക്കിടക്ക് ഒരു മനോരോഗിയെപ്പോലെ പെരുമാറുന്നു. അവളുടെ രോഗശമനത്തിനു വേണ്ടി എത്ര ലക്ഷം രൂപ ചിലവാക്കാനും തമ്പി ഒരുക്കമാണ്.
ഒരു ദിവസം രാത്രി തമ്പിയുടെ ബംഗ്ലാവിൽ നിന്നും ഒരു സ്ത്രീയുടെ ദീനരോദനവും അതേത്തുടർന്ന് ബംഗ്ലാവിൽ വലിയ ബഹളവും കേൾക്കുന്നു.വിവരമെന്തെന്നറിയാൻ തമ്പിയുടെ ബംഗ്ലാവിലെത്തിയ ജയനു ഉഷയെയും കയറ്റിക്കൊണ്ട് ഒരു ആംബുലൻസ് വാൻ പാഞ്ഞു പോകുന്നതാണു കാണാൻ കഴിഞ്ഞത്. അന്വേഷണത്തിൽ നിന്നും ഉഷയെ അടുത്തുള്ള ഡോക്ടർ ദാസിന്റെ ചിത്തരോഗാശുപത്രിയിലേക്കാണു കൊണ്ടു പോയിരിക്കുന്നതെന്ന് ജയനു മനസ്സിലാക്കാൻ കഴിഞ്ഞു.പിറ്റേ ദിവസം തന്നെ ജയൻ ഡോക്ടർ ദാസിനെ കണ്ട് ഉഷയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു.ഉഷയ്ക്ക് മാനസികരോഗം പിടി പെട്ടിരിക്കയാണെന്നും തുടർച്ചയായുള്ള ചികിത്സ കൊണ്ട് അതു ഭേദമാക്കാമെന്നും ഡോക്ടർ ദാസ് ജയനെ ധരിപ്പിക്കുന്നു. ആസ്പത്രിയിൽ വെച്ച് ഉഷയെ ഒരു നോക്ക് കാണുവാൻ ജയൻ ദാസിനോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഉഷയെക്കാണാൻ പോകും വഴി ഒരു പ്രത്യേക വാർഡിൽ വെച്ച് വിചിത്ര രൂപിയായ ഒരു മനുഷ്യനെക്കണ്ട് ജയൻ പരിഭ്രമിക്കുന്നു.ചിത്തരോഗാശുപത്രിയിൽ ചികിത്സക്കെത്തിയ ഒരു മനുഷ്യ രാക്ഷസൻ ആയിരുന്നു ആ രൂപം.
ഒരു രാത്രിയിൽ ചിത്തരോഗാശുപത്രിയിൽ നിന്നും ഉഷയെയും ആ മനുഷ്യ രാക്ഷസനെയും കാണാതാകുന്നു.
പോലീസ് സഹായത്തോടെ ജി കെ തമ്പി തന്റെ മകൾ ഉഷയെ തിരഞ്ഞു നടക്കുന്നു.ഉഷയെ തിരിച്ചേല്പ്പിക്കുന്നവർക്ക് ഒരു വലിയ തുക തമ്പി പ്രതിഫലം നൽകാമെന്ന് പരസ്യം ചെയ്യുന്നു. പോലീസ് പാർട്ടി വല വീശി തെന്മല മുഴുവൻ തിരയുന്നു.ഉഷയെ തിരഞ്ഞ് ജയനും യാത്രയാരംഭിക്കുന്നു. ഒടുവിൽ ഒരു ലോറി അപകടത്തിൽ വെച്ച് ജയൻ അർദ്ധപ്രജ്ഞരായിക്കിടക്കുന്ന ഉഷയെയും മനുഷ്യ രാക്ഷസ്സനെയും കണ്ടു മുട്ടുന്നു.ഉഷയെ ഉടൻ തന്നെ തന്റെ സുഹൃത്തായ ഡോക്ടർ എസ് കെ പിള്ളയുടെ സമീപമെത്തിച്ച് ചികിത്സ ചെയ്ത ശേഷം മനുഷ്യ രാക്ഷസനെയും തിരഞ്ഞു ജയൻ പുറപ്പെടുന്നു.ലോറി അപകട സ്ഥലത്ത് വന്ന് നോക്കിയപ്പോൾ ആ മനുഷ്യ രാക്ഷസ്സൻ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ജയനും ഉഷയും കുറച്ചു ദിവസങ്ങൾക്ക് പിള്ളയുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ താമസം തുടങ്ങുന്നു.അതിനിടെ അന്താരാഷ്ട്രീയ കള്ളക്കടത്തു സംഘത്തിലെ ഒരംഗമായ ജയന്റെ ജ്യേഷ്ഠൻ ചന്ദ്രൻ ജയനെ തിരഞ്ഞ് അവിടെയെത്തുന്നു.ജയന്റെ അസാന്നിദ്ധ്യത്തിൽ ചന്ദ്രൻ ഉഷയെ കടത്തിക്കൊണ്ടു പോകുന്നു.കള്ളക്കടത്തു സംഘത്തിന്റെ നേതാവ് ചന്ദ്രനെ വക വരുത്താൻ അതി നിഷ്ഠൂരന്മാരായ രണ്ടു കിങ്കരന്മാരെ – വില്ലിയും ജിമ്മിയും – പറഞ്ഞയക്കുന്നു. വില്ലിയും ജിമ്മിയും നിറ തോക്കുകളുമായി ചന്ദ്രനെ അനുഗമിക്കുന്നു.
ഉഷയെ ജയൻ ആ ഘോരവനാന്തരം മുഴുവനും തിരഞ്ഞു നടക്കുന്നു. ജി കെ തമ്പിയും പോലീസ് പാർട്ടിയും അന്വേഷണം തുടർന്നു കോണ്ടിരിക്കുന്നു. ഉഷയെ തിരഞ്ഞ് ആ മനുഷ്യ രാക്ഷസൻ വീണ്ടും ആ കാട്ടിൽ അലഞ്ഞു നടക്കുന്നു.
മാനസിക രോഗിയായ ഉഷയെന്തു ചെയ്യും ? കാമാതുരനായ ചന്ദ്രനു തന്റെ ഇംഗിതം നിറവേറുമോ ? എങ്കിൽ ജയനു തന്റെ ഇഷ്ട തോഴിയെ വീണ്ടുമൊരു നോക്കു കാണാൻ കഴിയുമോ ? ജി കെ തമ്പിക്ക് തന്റെ ഓമനപ്പുത്രിയെ തിരിച്ചു ലഭിക്കുമോ ? ഉഷയെ തിരഞ്ഞു നടന്ന ആ മനുഷ്യ രാക്ഷസനെന്തു സംഭവിച്ചു ? വില്ലിയുടെയും ജിമ്മിയുടെയും ഉന്നം തെറ്റാത്ത തോക്കുകൾ പറയുന്ന കഥയെന്ത് ? ഇവയ്ക്കെല്ലാം ഉത്തരം ലഭിക്കുവാൻ രാക്കുയിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം