താഴത്തേക്കെന്തിത്ര
വള്ളത്തോൾ കവിതകൾ
Thaazhathekkenthithra (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംകെ പി ഉദയഭാനു
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍ജോളി അബ്രഹാം ,അമ്പിളി ,ഷെറിന്‍ പീറ്റേര്‍സ്‌ ,കല്യാണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:45.


താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലമായ്‌
നിങ്ങള്‍ തന്‍ കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാര്‍ന്നൂഴിയില്‍ വീണു പോയോ

ഉവ്വി,താ നക്ഷത്രം തന്നെയാം രൂപമൊ-
ന്നുര്‍വ്വിയിലിപ്പുര വീഥിയിങ്കല്‍
അല്ലെങ്കില്‍ മറ്റൊരു കൊച്ചു നിലാവിതാ
മുല്ലപ്പൂ പോലുള്ള തൂ നിലാവില്‍

ആരോ മനോഹര സര്‍വാംഗിയാമിവള്‍
ആരോമലാള്‍ക്കിത്ര വെമ്പലെന്തോ
നീളെയുത്തുംഗമാം മാര്‍ത്തട്ടുലയുന്നു
തോളണി തൂവെള്ള ചേലയ്ക്കുള്ളില്‍

കുത്തഴിഞ്ഞോമന പൃഷ്ഠഭാഗത്തെയും
പുഷ്ട നിതംബപ്പരപ്പിനെയും
മൂടിക്കിടക്കുന്നു മുഗ്ദ്ധമാം കാര്‍കുഴല്‍
നീടുറ്റ നീല തഴയ്ക്കു തുല്യം

ഇക്കൂരിരുള്‍ ചുരുള്‍ തൊട്ടുഴിയുന്നിതോ
തൃക്കരംകൊണ്ടിരുള്‍ പോക്കും ചന്ദ്രന്‍
ഭവ്യപരിമളമൊന്നിതാ പൂത്തൊരു
ദിവ്യലതയില്‍നിന്നെന്നപോലെ

സുന്ദരിതങ്കല്‍നിന്നേറ്റിടചേരുന്നു
ചന്ദന ശീതള ചന്ദ്രികയില്‍
സ്ഫാടിക പാത്രമൊന്നുണ്ട് വിളങ്ങുന്നു
പാടലമായ തന്‍ പാണിയിങ്കല്‍

ഏറിയ ഭംഗ്യാ വിരിഞ്ഞ ചെന്താമര
താരിലോമന്‍ മരാളം പോലെ
ശീമോന്റെ വീട്ടില്‍ തുറന്നു കിടക്കുന്ന
പൂമുഖ വാതിലാ പുഷ്കരാക്ഷി

ആകെ രോമാഞ്ചിത ഗാത്രിയായ് ദര്‍ശിച്ചാള്‍
നാദത്തിന്‍ ഭാസുര ദ്വാരം പോലെ
വേഗം നിലച്ചു ഗതിക്കവള്‍, ക്കാസന്ന
സാഗരയാം നദിക്കെന്ന പോലെ
വേഗം നിലച്ചു ഗതിക്കവള്‍, ക്കാസന്ന
സാഗരയാം നദിക്കെന്ന പോലെ

വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കേണ്ട മുഗ്ധേ നീ
സ്വാതന്ത്ര്യമോടകത്തേക്ക് ചെല്ലാം
കെട്ട മാര്‍ഗ്ഗത്തില്‍ നടന്ന നിന്‍ കാല്‍ ചെളി
മൃഷ്ടമായല്ലോ നിന്‍ കണ്ണീരാല്‍ താന്‍

ദാരിദ്ര ശുഷ്കമാം പാഴ്ക്കുടില്‍ ഒന്നിലാ-
ണീ രുചിരാംഗി ജനിച്ചതത്രേ
പാറപ്പുറത്തൊരു ഭംഗിയേറും പനി-
നീരലരുണ്ടായതെങ്ങനെയോ

വാരുറ്റ തൂമണം വ്യാപിക്കുമാറതു
താരുണ്യ ലക്ഷ്മി ചേര്‍ന്നുല്ലസിക്കെ
ആരും തിരിഞ്ഞു നോക്കാതിരുന്നാക്കുടില്‍
പൂരുഷന്മാര്‍ക്കൊക്കെ പൂമേടയായ്

കാര്‍മുകില്‍വേണിതന്‍ ചുറ്റുമേ കാണായി
കാമുകരര്‍പ്പിക്കും ആമാടകള്‍
തന്വിയാം കാഞ്ചന വല്ലിമേല്‍ നിന്ന്
ചെമ്മേ പൊഴിയുന്ന പൂക്കള്‍ പോലെ

ഒട്ടിങ്ങുഴക്കരി കാണാതിരുന്നവള്‍
കൊറ്റക്കുട ചൂടും റാണിയായി
ഹന്ത! സൌന്ദര്യമേ! നാരി തന്‍ മെയ് ചേര്‍ന്നാല്‍
എന്തെന്തു സൌഭാഗ്യം സാധിക്കാ നീ

ഏവമാ സമ്പത്തിന്‍ സര്‍പ്പോപധാനത്തില്‍
കാല്‍ വച്ചുറങ്ങുമീ കാമിനിയെ
മെല്ലവേ നീ തൊട്ടുണര്‍ത്തി യദൃച്ഛയാ
നല്ലകാലത്തിന്റെ നിശ്വാസങ്ങള്‍

ക്രിസ്തുവാം കൃഷ്ണന്റെ ധര്‍മ്മോപദേശമാം
നിസ്തുല കോമള വേണുഗാനം
ഏതോ സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നാവിര്‍-
ഭൂതമായ് തന്‍ ചെവി പൂകിയാറെ

വൃന്ദാവനത്തിലെ മാന്‍പേടപോലെ നി -
ഷ്സ്പന്ദമായ് നിന്നു മുഹൂര്‍ത്തമിവള്‍

രക്ഷിക്ക ചാരിത്രം .....
രക്ഷിക്ക ചാരിത്രമെന്നോരാറക്ഷരം
നക്ഷത്രം പോലതാ തത്ര മിന്നി
സാരം ഗ്രഹിച്ചവള്‍ തന്‍ ജീവിതാധ്യായം
ഓരോന്നും വായിച്ചു നോക്കുകയായ്

ചാരിത്രമെന്നൊരു വാക്കതില്‍ കണ്ടീല
നാരിപ്പൂമ്പയ്യോ നടുങ്ങിപ്പോയി
മാറിയൊഴിഞ്ഞെങ്ങു പോകേണ്ടു സങ്കടം
ആരോട് ചൊല്ലേണ്ടു തമ്പുരാനേ

ഏവം പൊറുതി കാണാതവള്‍ അങ്ങൊരു
പൈതലെപ്പോലെ വാവിട്ടു കേണു
കേഴുക കേഴുക മാന്യേ മറിയമേ
കേഴുവോര്‍ക്കാശ്വാസമേകുമീശന്‍

ഏവം മലീമസചര്യയില്‍ നിന്നിവള്‍
ദേവ വിശ്വാസത്തില്‍ എത്തിച്ചേര്‍ന്നു
കൂരിരുട്ടേറിയ രാവും ക്രമത്താലേ
സൂര്യന്റെ തേജസ്സില്‍ പോയ്‌ ലയിച്ചു

ഇന്നലെ നാം കണ്ട തേവിടിപ്പെണ്ണല്ലി-
തിന്നിവള്‍ ചാരിത്ര ചാരുമൂര്‍ത്തി
ഒറ്റനാള്‍ കൊണ്ടൊക്കെ മാറിമറിഞ്ഞിവള്‍
മറ്റൊരു ജന്മം ജനിച്ചപോലായ്

മര്‍ത്യനെ കീഴ്പോട്ടു തള്ളുന്നതായാള്‍ താന്‍
മറ്റാരുമല്ല കരേറ്റുന്നതും
ചെയ്യരുതാത്തത് ചെയ്തവളെങ്കിലും
ഈയെന്നെ തള്ളൊല്ലേ തമ്പുരാനേ

തീയിനെപ്പോലും തണുപ്പിക്കും ഈ പൊന്‍ തൃ-
ക്കൈയിനാല്‍ തീര്‍ത്തവളല്ലോ ഞാനും
ദുഷ്ടപ്പരുന്തിന്റെ വായില്‍നിന്നീ ഗതി-
കെട്ട കപോതിയെ ദീനബന്ധോ
അഞ്ചസ്സാ വീണ്ടെടുത്തെന്‍ തിരുമേനി തന്‍
പഞ്ജരം തന്നില്‍ അണയ്ക്കേണമേ.....

പൊയ്ക്കൊള്‍ക പെണ്‍കുഞ്ഞേ ..... ദുഃഖം വെടിഞ്ഞു നീ .....
ഉള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിന്നൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം ...
പശ്ചാത്താപമേ പ്രായശ്ചിത്തം .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts