ഓമൽ കൈരളി പാടൂ
മലയാള മധുരിമ
Omal kairali padu (Malayala Madhurima)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വി കെ ശശിധരൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:57.
ഓമല്‍ കൈരളി പാടു
ഒരായിരം തിരുനാവുകളില്‍
ഒരായിരം തിരുവരങ്ങിലിനിയും
ഓമല്‍ കൈരളി പാടു

കേരളമൊന്നായ് തീര്‍ന്നൊരു നാളില്‍
കേളി മുഴങ്ങട്ടെ
അത്തിരുനാളിന്‍ കേളിമുഴങ്ങട്ടെ

ഓണപ്പാട്ടിന്‍ ശീലുകലല്ലോ
തേനും വയമ്പുമേകീ-പണ്ട്
തേനും വയമ്പുമേകീ
തിരുവാതിരകളുടെ കുളിരാടുന്നോ-
രിളനീരെത്ര നുകര്‍ന്നു-നല്ലോ-
രിളനീരെത്ര നുകര്‍ന്നു

മാറീകാലം മാറീതാളം
മാറീ മാനവജീവിതമെങ്ങും
മാറീ-മാറീ- മാറീ
പഴകിയോരോണപ്പാട്ടിന്‍ ശീലിന്‍
പയ്യാരങ്ങള്‍ കേള്‍ക്കുന്നു
പഴയൊരു തോണിപ്പട്ടുകള്‍ കണ്ണീര്‍-
പ്പുഴയില്‍ മുങ്ങി മരിക്കുന്നു
മാറീ-മാറീ- മാറീ
മാറീനേരുകള്‍,പോയി വേരുകള്‍
മാറീ വാഴ്വിന്‍ മുഖങ്ങളെങ്ങും
മാറീ-മാറീ- മാറീ

കൈരളി പാടുമ്പോള്‍,മാമലനാടിന്റെ
ഓരോരോമുറ്റത്തും പൂവെപൊലി
കൈരളി പാടുമ്പോള്‍-പൂക്കാത്തമുല്ലയ്ക്ക്
മുന്നാഴിപ്പൂമുത്ത് കൈനിറയെ!
കൈരളി പാടുമ്പോള്‍-ആരോമല്‍കുഞ്ഞിനും
ഓമനത്തിങ്കള്‍ പൂപ്പുഞ്ചിരി!
കൈരളി പാടുമ്പോള്‍,പാടത്തെപ്പാട്ടിലും
ആരോമല്‍ ‍ചേകവരങ്കംവെട്ട്‌!

മാറീകാലം,മാറീതാളം
മാറീപുകിലുകളെങ്ങെങ്ങും!
മാറീ നേരുകള്‍ മാറീ പോരുകള്‍
മാറ്റുക പഴകിയ ശീലുകള്‍ നാം!

ഇനി നമ്മള്‍ പാടുന്ന പാട്ടിലുണ്ടാവട്ടെ
വരളുന്ന മണ്ണിന്റെ നൊമ്പരങ്ങള്‍-ചോര
പുരളുന്ന നേരിന്റെ നേര്‍മുഖങ്ങള്‍-ഞെട്ടി-
യുണരും മനസ്സിന്റെയുള്‍വിളികള്‍-നൊന്തു-
പിടയുന്ന ജീവന്റെ മുറവിളികള്‍!

ഇനി നമ്മള്‍ പാടുന്ന പാട്ടിലുണ്ടാവട്ടെ
ഇനിവരും കാലത്തിന്‍ കണ്‍വെളിച്ചം-നമ്മ-
ളിനിയും കൊതിക്കും പുലര്‍വെളിച്ചം-\"മേലില്‍
ഇവിടെ മനുഷ്യന്‍ അനാഥനല്ല!\" എന്നൊ-
രിടിനാദം പോലാം വിളംബരങ്ങള്‍!

ഇനി നമ്മളാലപിക്കുന്ന സംഗീതത്തില്‍
മനുജാഭിമാനത്തിന്‍ മണിമുഴക്കം
ഇനി നമ്മളാലപിക്കുന്ന സംഗീതത്തില്‍
മനുജന്റെ സ്നേഹ സങ്കീര്‍ത്തനങ്ങള്‍
ഇനി നമ്മള്‍ പാടുന്ന പാട്ടിന്നു കൂട്ടായി
പരകോടി ഹൃദയങ്ങള്‍ പാടും!അതില്‍
ജനകോടികള്‍ മുക്തി നേടും!


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts