രണ്ട് ശലഭങ്ങൾ
ഓണക്കിനാവുകൾ
Randu Shalabhangal (Onakkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി റ്റി മുരളി
ഗാനരചനസുഗതകുമാരി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:05.


രണ്ടു ശലഭങ്ങള്‍ പാറിയെത്തുന്നത്
കണ്ടു ഞാനിന്നു പുലരിത്തെളിമയില്‍
പൂവിളം മഞ്ഞച്ചിറകുമായ് വന്നൊരാ
ലോല സൌന്ദര്യങ്ങള്‍ മിന്നും നറും വെയ്ലില്‍
ഊളിയിട്ടാഴ്ന്നുമുയര്‍ന്നും തിളങ്ങവേ

ചേലെഴും വെയിലൊളി പൊന്നുപോല്‍ ചൂഴവേ
ഒന്ന് ഞെട്ടി കണ്ടറിഞ്ഞു ഞാന്‍ പിന്നെയും
വന്നുപോയ്‌ ഓണം, നിറഞ്ഞുപോയ് കണ്ണുകള്‍
അന്‍പില്‍ വിരിഞ്ഞു മറഞ്ഞു പോം ഇക്കൊച്ചു
തുമ്പയെപ്പോലെ വിനീതയായ്‌ മുഗ്ദ്ധയായ്

സ്വാഗതമോരാതെ യാത്ര ചോദിക്കാതെ
പോരുന്നു പോകുന്നു നീയെന്നുമോമനേ
ആരറിയുന്നു നീ വന്നതും പോവതും
ആര് നിനക്കിറ്റു പാഥേയമേകുവാന്‍

ആരെ തിരിഞ്ഞൊന്നു നില്‍ക്കുവാന്‍ ജീവിത-
ഭാരം ചുമന്നു തിടുക്കില്‍ നടക്കവേ
ഞങ്ങള്‍ മറന്നുപോയ്‌ പാടുവാന്‍ തേനൂറും
അന്നത്തെയോണപ്പുതുമലര്‍പ്പാട്ടുകള്‍
എന്നേ മറന്നുപോയ്‌ പൂക്കളം തീര്‍ക്കുവാന്‍
എന്നേ മറന്നുപോയ്‌ നിന്‍ മുഖമോമനേ

എങ്കിലുമേതോ വിദൂര സ്മരണതന്‍
സങ്കടദീര്‍ഘമാം പാതയിലൂടവേ
പണ്ടേ മരുവായി മാറിക്കഴിഞ്ഞൊരു
സങ്കേതഭൂവില്‍ പഴയ ശീലത്തിനാല്‍
കാലം മുടങ്ങാതെ വന്നുപോകും പക്ഷി-
ജാലങ്ങളെപ്പോലെയാരോ നയിപ്പതായ്
ഒന്നുമറിയാതെ യാന്ത്രികമായ്‌ തന്നെ
വന്നുപോകുന്നതാം നീയുമെന്നോണമേ
അല്ലായ്കിലെന്നേ വരാതിരുന്നേനെ നീ
അല്ലിനെ സ്നേഹിക്കുമെങ്ങള്‍ തന്‍ നാടിതില്‍ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts