നന്ദി തിരുവോണമേ നന്ദി
ഓണക്കിനാവുകൾ
Nandi Thiruvoname Nandi (Onakkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി റ്റി മുരളി
ഗാനരചനഎന്‍ എന്‍ കക്കാട്
ഗായകര്‍രവിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:06.
നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലേ
അടിമണ്ണിടിഞ്ഞു കടയിളകി ചരിഞ്ഞൊരു കുനുംതുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ
നന്ദി തിരുവോണമേ നന്ദി
ആട്ടം കഴിഞ്ഞു കളിയരങ്ങത്തു
തനിച്ചു വെറുക്കനെ പടുതിരി കത്തി
കരിഞ്ഞു മണത്ത കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ
ഇനിയൊരു കളിക്കിത് കൊളുത്തേണ്ടയെന്നോര്‍ത്തിരിക്കെ
നീ വന്നുവല്ലേ..
നന്ദി തിരുവോണമേ നന്ദി
പോയ തിരുവോണ ഘനമൌനമോര്‍ക്കുന്നുവോ
ചെറിയൊരു വെളിച്ചം പിടഞ്ഞു കെട്ടാല്‍
മൃതിപോല്‍ തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു
പ്രളയമായ് പൊട്ടി പുളഞ്ഞൊഴുകി
ഒക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റു നില്‍ക്കുമൊരു
ഘനതിമിരമായി ഭൂമി നിന്നതോര്‍ക്കുന്നുവോ
നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലോ
ഇളവെയില്‍ കുമ്പിളില്‍ തരിമഴ നിറച്ച്
ഇടറുന്ന വഴികളില്‍ തുടുകഴല്‍പ്പൂക്കളം വിരിയിച്ചു
പുതുവാഴക്കൂമ്പു പോല്‍ നീ വന്നുവല്ലോ
നന്ദി തിരുവോണമേ നന്ദി
നന്ദി പോയി വരിക, വരുമാണ്ടിലും
നിഴലായി വെളിച്ചമായി കണ്ണീരായി കനിവായി
മൃതിയായി ജനിയായി പലമട്ടിലാടിയും
അണിയറ പൂകിയും പിന്നെയും പുതുമോടി തേടിയും
അരിമയായി അറിവായി നറുമിഴി വിടര്‍ത്തി നീ വരുമാണ്ടിലും വരികാ
വരുമാണ്ടിലും വരികാ..
ഒരുതുള്ളി വെണ്മയായ് നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം
നന്ദി തിരുവോണമേ നന്ദി
പോയി വരിക വരുമാണ്ടിലും...
നന്ദീ തിരുവോണമേ നന്ദീ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts